ആയ് രാജവംശം
സംഘകാലഘട്ടത്തിലെ പ്രാരംഭദശ മുതല്‍ ദക്ഷിണ കേരളത്തിന്റെ ഒരു ഭാഗം ഭരിച്ചിരുന്നവരായിരുന്നു ആയ് രാജാക്കന്മാര്‍. ക്രിസ്തു വര്‍ഷാരംഭത്തിന് മുന്‍പ് കേരളമുള്‍പ്പെടുന്ന പ്രദേശം തമിഴകത്തിന്റെ അഭിഭാജ്യഘടകമായിരുന്നു. പ്രസിദ്ധരായിരുന്ന പാണ്ഡ്യ-ചേര-ചോള- രാജവംശങ്ങള്‍ ഈ പ്രദേശങ്ങള്‍ അടക്കി വാണിരുന്നു. പാണ്ഡ്യരാജാക്കന്മാരുടെ സാമന്തരായി ദക്ഷിണ കേരളം ഭരിച്ചിരുന്ന ഈ രാജാക്കന്മാര്‍ ജനക്ഷേമതല്‍പ്പരരായിരുന്നു.
ഈ രാജവംശത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല. ഉത്തരേന്ത്യയില്‍ നിന്നും വന്ന വിഷ്ണുകുലയാദവരായിരുന്നു ഇവരെന്ന് ഒരു വിഭാഗം ചരിത്രപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. അഞ്ചാം നൂറ്റാണ്ട് വരെ കുറ്റാലത്തിനടുത്ത് ആയ്ക്കുടിയായിരുന്നു(ആയ്-ക്കുടി)
അവരുടെ രാജധാനി. സംഘം സാഹിത്യകൃതിയായ ‘പുറനാനൂറില്‍’ പൊതിയം മലയാണ് ആസ്ഥാനമെന്ന് പറയുന്നുണ്ട്. തിരുവല്ല മുതല്‍ തെക്കോട്ടുള്ള പ്രദേശങ്ങള്‍ ആയ് രാജാക്കന്മാരുടെ അധീനതയിലായിരുന്നു. തിരുനെല്‍ വേലി ജില്ലയുടെ ചില ഭാഗങ്ങളും, സഹ്യപര്‍വ്വതപ്രദേശങ്ങളും, കുട്ടനാടിന് തെക്ക് കന്യാകുമാരി വരെയുള്ള ചില പ്രദേശങ്ങളും, കോയമ്പത്തൂരിന്റെ തെക്ക് ഭാഗങ്ങളുമെല്ലാം “ആയ് രാജാക്കന്മാരില്‍” പ്രതാപശാലിയായിരുന്ന ആയ് അണ്ടിരന്റെ ഭരണത്തിന്‍ കീഴിലായിരുന്നുവെന്ന് സംഘം സാഹിത്യകൃതികളായ “അകനാനൂറ്, പുറനാനൂറ്” തുടങ്ങിയവയില്‍ പരാമര്‍ശമുണ്ട്. അണ്ടിരന്‍, തിതിയന്‍, അതിയന്‍, കരുനന്തടക്കന്‍, വിക്രമാദിത്യവരഗുണന്‍, തുടങ്ങിയ ആയ് രാജാക്കന്മാര്‍ പ്രജാക്ഷേമതല്‍പ്പരരും, വീരപരാക്രമികളുമായിരുന്നു. തെക്കന്‍ തിരുവിതാംകൂര്‍ മുഴുവനും ആയ് രാജാക്കന്മാരുടെ ഭരണത്തിലായിരുന്നുവെന്ന് പ്രസിദ്ധ വിദേശസഞ്ചാരിയായ ടോളമി(എ.ഡി. 140) സൂചിപ്പിക്കുന്നു. പില്‍ക്കാലത്ത് പാണ്ഡ്യരാജാക്കന്മാരുടെ ആക്രമണം സഹിക്ക വയ്യാതെ രാജ്യ തലസ്ഥാനം ആയ് ക്കുടിയില്‍(ചെങ്കോട്ടയ്ക് സമീപം) നിന്ന് വിഴിഞ്ഞത്തേയ്ക് മാറ്റി. ഭരണസൌകര്യത്തിനായി രാജ്യം പല നാടുകളായി വിഭജിച്ച് ഓരോ നാടും ഓരോ കിഴവന്റെ(തലവന്‍) മേല്‍നോട്ടത്തിലാക്കി. കാശ്, ഈഴക്കാശ്, പഴം കാശ്, കരുംകാശ്, ദീനാരം(റോമന്‍ നാണയം) എന്നീ നാണയങ്ങള്‍ വിനിമയത്തിനായി ഉപയോഗിച്ചിരുന്നു.
രാജ്യതലസ്ഥാനമായ വിഴിഞ്ഞം രാജകൊട്ടാരങ്ങളാലും, മണിമാളികകളാലും, ക്ഷേത്രങ്ങളാലും പ്രൌഢമനോഹരങ്ങളായിരുന്നു. കപ്പലുകള്‍ നങ്കൂരമിട്ട് കിടക്കുന്ന തുറമുഖം, കോട്ടകൊത്തളങ്ങള്‍, സൈനിക ത്താവളങ്ങള്‍, തിരക്കേറിയ വാണിജ്യകേന്ദ്രങ്ങള്‍, വൃത്തിയുള്ള നിരത്തുകള്‍, സമ്പല്‍ സമൃദ്ധമായ രാജധാനി- വിദ്യാസമ്പന്നരായ ജനങ്ങള്‍--- പ്രശാന്തമായ സാമൂഹ്യജീവിതം-- ഇവയൊക്കെ ഈ രാജ്യത്തിന്റെ മുഖമുദ്രകളായിരുന്നു.
പക്ഷെ, കാലം കഴിഞ്ഞതോടു കൂടി കാറ്റ് മാറി വീശിത്തുടങ്ങി. ആയ് രാജ്യത്തിന്റെ സമ്പല്‍ സമൃദ്ധിയില്‍ അസൂയാലുക്കളായ പാണ്ഡ്യരാജാക്കന്മാരും തുടര്‍ന്ന് ചോളരാജാക്കന്മാരും ക്രമേണ രാജ്യതലസ്ഥാനമായ വിഴിഞ്ഞം കൈയടക്കാന്‍ തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. ക്രി.വ. ഏഴാം നൂറ്റാണ്ട് മുതല്‍ യുദ്ധകാഹളങ്ങളുടെ കേളീ രംഗമായിരുന്നു വിഴിഞ്ഞം. പാണ്ഡ്യന്മാരും, ചോളന്മാരും മാറി മാറി ആക്രമണപരമ്പരകള്‍ തന്നെ നടത്തി. ഒരു തവണ ചോളരാജാക്കന്മാര്‍ വിഴിഞ്ഞം കൈയടക്കി പേര് മാറ്റി “രാജേന്ദ്രചോളപട്ടണം” എന്നാക്കി മാറ്റി. പിന്നെയും പാണ്ഡ്യരാജാക്കന്മാര്‍ ആക്രമണം തുടര്‍ന്നു. നൂറ്റാണ്ട് യുദ്ധങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ യുദ്ധത്തോടുകൂടി വിഴിഞ്ഞം തച്ച് തകര്‍ക്കപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെ എ. ഡി. പത്താം നൂറ്റാണ്ടോട് കൂടി ആയ് രാജാക്കന്മാര്‍ പരാജയം സമ്മതിച്ചു. ക്രിസ്ത്വബ്ദം പതിനാലാം ശതകത്തില്‍ വേണാട് രാജാവായ വീര കേരള വര്‍മ്മ ആയ് രാജ്യത്തെയും, വിഴിഞ്ഞത്തെയും വേണാടി(തിരുവിതാംകൂര്‍)നോട് കൂട്ടിച്ചേര്‍ത്തു.
അക്കാലത്തേതെന്ന് കരുതപ്പെടുന്ന ഒരു ക്ഷേത്ര സമുച്ചയത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും സമുദ്രതീരത്തിനടുത്ത് കാണപ്പെടുന്നുണ്ട്. അതിന്റെ ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു.
.
/>

ക്ഷേത്രാവശിഷ്ടങ്ങള്‍---മറ്റൊരു ദൃശ്യം

കടല്‍ തീരം-- മറ്റൊരു ദൃശ്യം
മാഷെ,
ReplyDeleteവിഴിഞ്ഞം വിശേഷങ്ങള്‍ നന്നായി,
ആശംസകള്‍...
This comment has been removed by a blog administrator.
ReplyDeleteകൊള്ളാം മാഷേ. നമ്മള്‍ പഠിച്ച ചരിത്രത്തില്‍ നിന്നും വിഴിഞ്ഞത്തിനു ഇത്ര പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോയി.
ReplyDeleteവിക്കിപീഡിയയില്‍ ഇതൊക്കെയല്ലേ വേണ്ടത്?
ചരിത്രവും ഫോട്ടോകളും വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്
ReplyDeleteചരിത്രത്തിലേക്കുള്ള മനോഹരമായ ഒരു വെള്ളീ വെളിച്ചമായിരുന്നു താങ്കളുടെ ചിത്രങ്ങളും വിവരങ്ങളും. കവിതകളും കഥകളും നിറഞ്ഞ പതിവു ബ്ലോഗ്ഗുകളില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന ഒന്ന്.
ReplyDeleteആശംസകള്‍