Sunday, November 23, 2008

പാണ്ഡവന്‍പാറ -- പെരുങ്കടവിള

തിരുവനന്തപുരം നഗരത്തില്‍ നിന്നും ഉദ്ദേശം 40-കി.മീ.കിഴക്ക് മാറി നെയ്യാറ്റിങ്കര താലൂക്കില്‍ പെരുങ്കടവിള വില്ലേജിലെ ആങ്കോട് എന്ന സ്ഥലത്താണ് “പാണ്ഡവന്‍പാറ” എന്ന ചരിത്രാതീതകാലസ്മാരകം സ്ഥിതി ചെയ്യുന്നത്. നെയ്യാറ്റിന്‍ കര പട്ടണത്തില്‍ നിന്നും നെയ്യാര്‍ഡാമിലേക്കുള്ള യാത്രാമദ്ധ്യേ ആറ് കിലോമീറ്റര്‍ അകലെ പെരുങ്കടവിള ബ്ലോക്ക് ഓഫീസിലേക്കുള്ള റോഡ് വഴി ഉദ്ദേശം ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാണ്ഡവന്‍പാറയിലെത്തിച്ചേരാം.അങ്ങകലെ മലമുകളില്‍ റബ്ബര്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട അനവദ്യസുന്ദരമായ പ്രകൃതിദൃശ്യങ്ങള്‍ക്കൊപ്പം പാണ്ഡവന്‍പാറയും നമ്മുടെ ദൃഷ്ടികള്‍ക്ക് ഗോചരമാവുന്നു.


പാണ്ഡവന്‍പാറ -- പെരുങ്കടവിള

കേരളത്തിലെ പ്രമുഖ സാമൂഹ്യപരിഷ്കര്‍ത്താവായിരുന്ന ശ്രീനാരായണഗുരുദേവന്റെ പാദസ്പര്‍ശം കൊണ്ട് ചരിത്ര പ്രസിദ്ധമായിത്തീര്‍ന്ന അരുവിപ്പുറത്തിന് മൂന്ന് കിലോമീറ്റര്‍ കിഴക്ക് മാറി നില കൊള്ളുന്ന ഈ പുരാവസ്തുവിസ്മയം പുരാവസ്തു ഗവേഷകരുടേയും, നരവംശശാസ്ത്രജ്ഞരുടേയും സവിശേഷശ്രദ്ധയാകര്‍ഷിക്കുന്നു.

ഭാരതീയ ഇതിഹാസമായ മഹാഭാരതകഥയിലെ പഞ്ചപാണ്ഡവരെ ബന്ധപ്പെടുത്തി അറിയപ്പെടുന്ന ഈ കൂറ്റന്‍ പാറക്കൂട്ടം അനേകായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പ്രദേശത്ത് ജീവിച്ചിരുന്ന ജനസമൂഹത്തിന്റെ കരവിരുതിന്റെ ആത്മാവിഷ്കാരമാണ്. ഇന്നും ഈ സ്മാരകം സാരമായ കേടുപാടുകളൊന്നും കൂടാതെ കാലം സാക്ഷിയായി കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നു എന്നുള്ളത് ആധുനിക ജനതയെ അത്ഭുതപ്പെടുത്തുന്നു. വനവാസകാലത്ത് പഞ്ചപാണ്ഡവന്മാര്‍ ഒളിച്ച് താമസിച്ചിരുന്നത് ഈ പാറക്കുള്ളിലെ ഗുഹയിലായിരുന്നു എന്നുള്ള ഐതീഹ്യത്തിന് പിന്‍ബലമേകുവാന്‍ നാടോടിക്കഥകള്‍ ഒട്ടനവധി ഇന്നും ഈ പ്രദേശത്ത് നിലവിലുണ്ട്.


ഗുഹാഭിത്തിയില്‍ കോറിവരച്ചിട്ടുള്ള ചിത്രങ്ങള്‍


1979-ല്‍ പാണ്ഡവന്‍പാറയിലെ ചരിത്രാതീതകാല കൊത്ത്പണികളെക്കുറിച്ച് കേരള പുരാവസ്തു വകുപ്പിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഈ പാറയും സമീപപ്രദേശങ്ങളും വിശദമായ പര്യവേക്ഷണത്തിന് വിധേയമാക്കുകയുണ്ടായി. കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍, ഭൌമപാളികളില്‍ സഹസ്രാബ്ദങ്ങളായി ഉണ്ടായിക്കൊണ്ടിരുന്ന പ്രകമ്പനങ്ങള്‍ തുടങ്ങിയവയുടെ ഫലമായി പൊട്ടിപ്പിളര്‍ന്ന് പരസ്പരം പറ്റിച്ചേര്‍ന്ന് കാലാന്തരത്തില്‍ രൂപം പ്രാപിച്ച ഈ സങ്കേതത്തിനുള്ളില്‍ ഏകദേശം അമ്പതോളം ആളുകള്‍ക്ക് സ്വസ്ഥമായി കഴിയുവാനുള്ള സൌകര്യമുണ്ടെന്നുള്ളതാണ് മറ്റൊരു സവിശേഷത. കാറ്റും വെളിച്ചവും ഗുഹക്കകത്ത് സമൃദ്ധമാണ്. ഒന്നര മീറ്റര്‍ വ്യാസമുള്ള ഇടുങ്ങിയ പ്രവേശനകവാടത്തിലൂടെ ഗുഹക്കകത്തേക്ക് പ്രവേശിച്ചാല്‍ ദൃശ്യമാകുന്ന കാഴ്ച കലാസ്നേഹികളെ മാത്രമല്ല സാധാരണ മനുഷ്യരെപ്പോലും ആഹ്ലാദിപ്പിക്കുന്നു. മൂര്‍ച്ചയുള്ള കല്ലുകള്‍ കൊണ്ടോ മറ്റോ കൊത്തിയും, കോറിയും പരുപരുത്ത പാറച്ചുവരില്‍ ഉണ്ടാക്കിയ ചിത്രങ്ങള്‍ പ്രാകൃതകാലസംസ്കാരത്തിന്റെ അഥവ ജനതയുടെ കലാഭിരുചിയുടെ ഒളിമങ്ങാത്ത തെളിവുകളാണ്. “എന്‍ ഗ്രേവിംഗ് സ്” എന്ന് ആംഗലഭാഷയില്‍ പറയാറുള്ള ഇത്തരം ചിത്രണപ്രക്രിയക്ക് വളരെയധികം അദ്ധ്വാനഭാരവും, സഹനശക്തിയും ആവശ്യമാണ്.

പാണ്ഡവന്‍പാറയുടെ പ്രവേശനകവാടത്തില്‍ വലത് ഭാഗത്ത് കാണപ്പെടുന്ന മനോഹരമായി കൊത്തിയുണ്ടാക്കിയ എഴുത്തിന് (ചിത്രത്തിന്) 2.5 മീ. നീളവും 2 മീ. വീതിയുമുണ്ട്. ഒരു മീ. താഴ്ചയില്‍ ചിത്രണം ചെയ്തിരിക്കുന്ന പുഷ്പങ്ങളുടെ മാതൃക(floral designs) അനവദ്യസുന്ദരമാണ്. ഇടത് ഭാഗത്തുള്ള ചുവരില്‍ തമിഴ് ലിപിക്ക് സമാനമായ രേഖാരൂപങ്ങളും അഷ്ടഛേദകവൃത്തവും പുഷ്പമാതൃകതൂവല്‍ ചിത്രവും കാണാം. അക്ഷരങ്ങള്‍ക്ക് സമാനമായ രൂപങ്ങളും അവിടവിടെ കൊത്തി വച്ചിരിക്കുന്നു. മനുഷ്യരുടെയും, സൂര്യചന്ദ്രന്മാരുടെയും രൂപങ്ങളും, മരങ്ങള്‍, അമ്പും വില്ലും, തുടങ്ങി ഒട്ടനവധി പ്രതീകാത്മകരചനകളും ഗതകാലമനുഷ്യന്റെ കലാവൈഭവം വെളിപ്പെടുത്തുന്നു.

ഇവയ്ക് പുറമെ വലത് വശത്തുള്ള ചുവരില്‍ മദ്ധ്യഭാഗത്തും അവസാനഭാഗത്തും അവ്യക്തമായ ചില ശിലാചിത്രരചനകളുണ്ട്. ഇവ വയനാട് ജില്ലയിലെ അമ്പുകുത്തിമലയിലുള്ള എടക്കല്‍ ഗുഹാചിത്രങ്ങളുമായി സമാനത പുലര്‍ത്തുന്നു എന്ന് പുരാവസ്തുഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ഇവിടെ കാണപ്പെടുന്ന ശിലാചിത്രരചനകളുടെ കാലഗണനയെ സംബന്ധിച്ച് വിഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. എങ്കിലും മദ്ധ്യശിലായുഗത്തിന്റെ അവസാനഘട്ടത്തില്‍ ആദിമ മനുഷ്യന്‍ കേരളത്തിലെ മലയോരപ്രദേശങ്ങളില്‍ കുടിയേറി പാര്‍ത്തു എന്ന് വേണം അനുമാനിക്കാന്‍. ഉത്തരഭാരതത്തിലെ ശിവാലിക്കുന്നുകളിലും, നര്‍മ്മദാനദീതീരത്തും നായാടി നടന്നിരുന്നവരുടെ സന്തതിപരമ്പര ഭാരതത്തിന്റെ തെക്കേയറ്റത്തേക്ക് നീങ്ങുകയും വടമധുര, കോര്‍ത്തലയാര്‍ താഴ്വര, പല്ലാവരം, അരിക്കമേട്, കോയമ്പത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെ പാലക്കാട് ചുരം കടന്ന് കേരളത്തില്‍ പ്രവേശിക്കുകയും ചെയ്തുവെന്ന നരവംശശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. കുടക്കല്ല്, തൊപ്പിക്കല്ല്, നന്നങ്ങാടികള്‍, മുനിയറകള്‍, നടുകല്ലുകള്‍ തുടങ്ങി കേരളത്തിലങ്ങോളമിങ്ങോളം കണ്ട് വരുന്ന ചരിത്രാവശിഷ്ടങ്ങള്‍ ഈ ജനവിഭാഗത്തിന്റെ സംഭാവനകളാണ്. മാത്രമല്ല വയനാട്ടിലെ എടക്കല്‍, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, ഇടുക്കി ജില്ലയിലെ മറയൂര്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ ഗുഹകളും ഇവരുടെ ആവാസകേന്ദ്രങ്ങളായിരുന്നുവെന്ന് വേണം കരുതാന്‍.

കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന പാണ്ഡവന്‍പാറയില്‍ കണ്ടെത്തിയ ശിലാചിത്രങ്ങള്‍ക്ക് വയനാട്ടിലെ എടക്കല്‍ ഗുഹാചിത്രങ്ങളുമായി സാമ്യമുണ്ട് എന്ന് താരതമ്യപഠനത്തിലൂടെ വ്യക്തമാവുന്നു. ഈ കാലഘട്ടത്തില്‍ എടക്കല്‍ ഗുഹയുടെ സമീപപ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ജനത തന്നെ തെക്കന്‍ കേരളത്തിലും ജീവിച്ചിരുന്നു എന്ന തിരിച്ചറിവ് സമുദ്രതീരത്തിന് വളരെയടുത്ത് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലയുടെ പഴമ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്ന തരത്തിലുള്ളതാണ്.

ആദിമ മനുഷ്യസംസ്കാരത്തിന്റെ അനശ്വരമായ സ്മാരകങ്ങളാണ് ഇത്തരത്തിലുള്ള ഗുഹകള്‍. ആധുനികനാഗരികസംസ്കാരം രൂപം കൊള്ളുന്നതിന് മുന്‍പ് തന്നെ ഇത്തരം ഗുഹകള്‍ ലോകമെമ്പാടും ഉണ്ടായിരുന്നുവെന്നുള്ളതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. സ്പെയിന്‍, ഫ്രാന്‍സ്, ആസ്ടിയ, ആസ്ത്രേലിയ, ഭാരതം, ഇറാക്ക്, സിറിയ, ചൈന, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും 5200-ലേറെ ഗുഹാചിത്രങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പുരാവസ്തുഗവേഷകര്‍ ശേഖരിച്ചിട്ടുണ്ട്.
ആല്‍ച്ചില്‍, അലിമന്‍, ബ്രൂയില്‍, ബൈറംഗര്‍, എല്‍ വിന്‍, ഗോര്‍ഡന്‍ മാര്‍ഷക്, പറ്റൂറി, മിത്ര തുടങ്ങിയവരുടെ പരിശ്രമമാണിവിടെ സൂചിപ്പിച്ചത്.

കാനനമദ്ധ്യത്തില്‍ ആധുനികമനുഷ്യന് എളുപ്പത്തില്‍ ചെന്നെത്താന്‍ പറ്റാത്ത അകലത്തിലും ഉയരത്തിലും സ്ഥിതി ചെയ്യുന്ന ആല്‍ത്താമിറ, ടൊറാന്‍ബാ, എന്നീ സ്പെയിനിലെ ഗുഹകള്‍, ഫ്രാന്‍സിലെ ലാസ്കാസ്, അനറ്റാലിയായിലെ ഓക്സ് ലൂ, സാറ്റ് പര്‍വ്വതത്തിലെ ഫല്‍നലി, സഹാറയിലെ മാര്‍ഹൌ, അള്‍ജീരിയായിലെ ഒറാന്‍, മദ്ധ്യപ്രദേശിലെ ഭിംബൈട്ട്ക, മിര്‍സാപ്പൂര്‍ എന്നിവ ആദിമനുഷ്യന്റെ കലാഭിരുചി പ്രദര്‍ശിപ്പിക്കുന്ന വേദികളാണ്. അനാദികാലത്തെ ജനതയുടെ പരിമിതവും, അകൃത്രിമവുമായ ആവിഷ്കാരങ്ങളെന്ന നിലയില്‍ പ്രകൃതിദത്തമായ ഗുഹകളിലും, പാറമടക്കുകളിലും കണ്ടെത്തിയ ശിലാചിത്രങ്ങള്‍ക്ക് കലാചരിത്രകാരന്മാരും, പുരാവസ്തുഗവേഷകരും, നരവംശശാസ്തജ്ഞരും കല്‍പ്പിച്ചു പോരുന്ന പ്രാധാന്യം അവിസ്മരണീയമാകുന്നു. യുഗങ്ങളേറെക്കഴിഞ്ഞിട്ടും എല്ലാതരത്തിലുമുള്ള ഭൌമവ്യതിയാനങ്ങളേയും, പ്രതികൂലകാലാവസ്ഥയെയും അതിജീവിച്ച് കൊണ്ട് മണ്ണിലൊളിച്ചും, കാട്ടിനുള്ളില്‍ മറഞ്ഞും നില കൊള്ളുന്ന ഇത്തരം ഗുഹകള്‍ ശാശ്വതമായ കലാചരിത്രസ്മാരകങ്ങളാണ്.ഇന്നലെയുടെ ഈടുവയ്പുകളാണ്.
ഈ വഴിയെ മുകളിലേക്ക് കയറാം




14 comments:

  1. വിശദമായ ഈ ലേഖനത്തിന് ഒത്തിരി നന്ദി...

    ReplyDelete
  2. വിജയന്‍,
    വിക്കിപീഡിയയെപറ്റി അറിയാമല്ലോ?. ഷിബുവിന്റെ ആദ്യക്ഷരിയില്‍ വിവരിച്ചിട്ടുണ്ട്.

    പറയാന്‍ കാരണം, താങ്കളുടെ ലേഖനങ്ങളെല്ലാം, വിക്കിപീഡിയയില്‍ ഇല്ലെങ്കില്‍ ഇപ്പോള്‍ ചേര്‍ക്കാന്‍ പറ്റിയവയാനെന്നു തോന്നുന്നു. ഇതറിയാവുന്ന വിദഗ്ദരോടും ചോദിക്കാവുന്നതാണ്.

    ReplyDelete
  3. ഒന്നു പോകണം അവിടെ

    ReplyDelete
  4. എടയ്ക്കലെപ്പോലെ മൂര്‍ച്ചയുള്ള ലോഹാ‍ാഗ്രം കൊണ്ടു തീര്‍ത്തവയല്ലെ ഈ ചിത്രങ്ങളും? എടയ്ക്കല്‍ ചിത്രങ്ങള്‍ നവീനശിലായുഗത്തിലേതെന്നാണല്ലൊ രാഘവ വാര്യരും രാജന്‍ ഗുരുക്കളും അവരുടെ പുസ്തകത്തില്‍ പറയുന്നത്.


    കടല്‍ മാറി തെക്കുള്ള കര അന്നേ ഉണ്ടായെന്നുള്ളത് ശ്രദ്ധേയമാണ്.

    ആ ഗുഹയുടെ ഏകദേശരൂപം പിടികിട്ടുന്ന ചില ചിത്രങ്ങള്‍ കാണണമെന്നുണ്ട്. പ്രവേശന കവാടം, പുറത്തു നിന്നും അകത്തേയ്ക്കുള്ള കാഴച, ഇവയൊക്കെ. താങ്കളുടെ പക്കല്‍ ഇതൊക്കെ ഉണ്ടെന്നു വിശ്വസിക്കുന്നു.

    ReplyDelete
  5. എനിക്കും പോകണം അവിടെ...
    നല്ല iformative post - thanks

    ReplyDelete
  6. “പാണ്ഡവൻ‌പാറ”യെന്ന പേരിൽ ചെങ്ങന്നൂരിലും ഒരു വലിയ പറയുണ്ട്. അജ്ഞാത വാസകാലത്ത് കൌരവരുടെ ദൃഷ്ടിക്ക് ഗോചരമാകാതെ ഇവിടെ കഴിഞ്ഞിരുന്നു എന്നാണ് ഐതീഹ്യം. അവർ അവിടെ താമസിക്കുന്ന കാലത്താണ് സമീപ പ്രദേശങ്ങളിലുള്ള അഞ്ചു ക്ഷേത്രങ്ങളിൽ ഓരോരുത്തരും ആരാധന നടത്തിയിരുന്നതെന്നും ആ ക്ഷേത്രങ്ങൾ പിൽക്കാലത്ത് പഞ്ചപാണ്ഡവ ക്ഷേത്രങ്ങളെന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയതും. യുധിഷ്ഠിരൻ നിത്യ പൂജ നടത്തിയിരുന്നത് ചെങ്ങന്നൂർ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള തൃച്ചിറ്റാറ്റ് എന്ന ക്ഷേത്രത്തിലും ഭീമൻ തൃപ്പുലിയൂരും അർജ്ജുനൻ തിരുവാറന്മുളയും നകുലൻ തിരുവൻവണ്ടൂരും സഹദേവൻ തൃക്കൊടിത്താനത്തും ആയിരുന്നു എന്ന് ഐതിഹ്യം. കൂടാതെ മുതുകുളത്തിനടുത്ത് കുന്തിക്കും ഒരുക്ഷേത്രമുണ്ട്. ഈ പാറയിലും ഭീമൻ കാൽ‌പ്പാടുകൾ പോലെ എന്തോ കാണാം.

    ReplyDelete
  7. മാഷെ,
    പാണ്ഡവന്‍ പാറയെ ഗ്രാനൈറ്റ് ലോബി തച്ചു തകര്‍ക്കുകയല്ലെ?

    ReplyDelete
  8. എനിക്കും പോകാൻ തോന്നുന്നുവല്ലോ

    നല്ല പോസ്റ്റ്. ആശംസകൾ

    ReplyDelete
  9. വിവരണം നന്നായി . നന്ദി . സസ്നേഹം രസികന്‍

    ReplyDelete
  10. ചെറിയനാടന്‍ ;കവിയൂരിനടുത്ത്-കോട്ടൂര്‍ എന്ന ഗ്രാമത്തില്‍ മറ്റൊരു ഗുഹാക്ഷേത്രമുണ്ട്.അതും പാണ്ഡവരുടെ പേരില്‍ പതിച്ചുകൊടുത്തു.
    ഹിന്ദുക്കളുടെ ഒരുഹാസ്യബോധമേ.......

    ReplyDelete
  11. നന്നായി മഷേ, ഒരുപാട് ആഗ്രഹിച്ചു. ഇതുവരെ പോകാന്‍ കഴിഞ്ഞിട്ടില്ല, അടുത്തതവണ നാട്ടിലെത്തുമ്പോള്‍ പോണം...

    കടയ്ക്കല്‍ അഞ്ചലിനടുത്ത് കോട്ടുക്കലില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത ഒരു ഗുഹാക്ഷേത്രമുണ്ട്. അതുകൂടി പോസ്റ്റാമോ ?

    ReplyDelete
  12. Valare upakarapradamaya post.. Nalla vivaranam...!

    Ashamsakal...!!!

    ReplyDelete